CHURCH NEWS
മാറുന്ന സമൂഹത്തില്‍ കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നു: മാര്‍ മിലിത്തിയോസ്

ഫുജൈറ: മാറുന്ന സമൂഹത്തില്‍ കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ശിഥിലമായിക്കൊണ്ടിരിക്കുകയാണെന്ന് ഡോ.യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ. യുവജന പ്രസ്ഥാനം ഫുജൈറ യൂണിറ്റിന്റെ നേതൃത്വത്തില്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ രണ്ട് ദിവസങ്ങളിലായി നടന്ന “കൊയ്നോണിയ 2015” കുടുംബ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അഭിവന്ദ്യ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ. മാറ്റം അനിവാര്യമാണ്, പക്ഷെ അതിനെ ഗുണപരമായ രീതിയില്‍ ഉപയോഗിക്കണം. മനുഷ്യന്‍ വിദ്യാഭ്യാസപരമായും സാങ്കേതികമായും സാമ്പത്തികമായും മുന്നേറുമ്പോഴും കുടുംബ ബന്ധങ്ങളുടെ ദൃഡത നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. ആഡംബരവും ആര്‍ത്തിയും എന്നും സമൂഹത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ചുറ്റുപാടുകളെ കരുതാതെ നമുക്ക് ജീവിക്കാനാവില്ല. ഇന്ന് മഴയോടൊപ്പം ഉഷ്ണകാറ്റ്, ഭക്ഷണത്തോടൊപ്പം വിഷം, വിദ്യാഭ്യാസത്തോടൊപ്പം അജ്ഞത എന്നിങ്ങനെ ബെരുദ്ധ്യാതിഷ്ഠിതമായ ഒരു കാലഘട്ടത്തിലാണ് കടന്നുപോകുന്നതെന്നും മെത്രാപ്പോലീത്താ കൂട്ടിച്ചേര്‍ത്തു. മാറുന്ന ലോകവും ക്രിസ്തീയ ജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ കുടുംബ സംഗമത്തിന് ഇടവക വികാരി ഫാ. ലിജോ ജോസഫ് അധ്യക്ഷത വഹിച്ചു. സഭാ മാനേജിംങ് കമ്മിറ്റിയംഗം ഡോ. കെ.സി. ചെറിയാന്‍, ട്രസ്റി ചെറിയാന്‍ അബ്രഹാം, സെക്രട്ടറി ജോജു മാത്യു ഫിലിപ്പ്, ജനറല്‍ കണ്‍വീനര്‍ ജിനിഷ് വര്‍ഗീസ്, പ്രോഗ്രാം കണ്‍വീനര്‍ വില്‍സണ്‍ ഫിലിപ്പ്, ഷാജന്‍ തുണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. യുവജനപ്രസ്ഥാനം യൂണിറ്റ് വൈസ് പ്രസിഡന്റ് ജിജോ കളരിക്കല്‍ സ്വാഗതവും സെക്രട്ടറി എബി ജോണ്‍ നന്ദിയും അര്‍പ്പിച്ചു. ദേവാലയത്തിലേക്ക് എഴുന്നെള്ളിയ മെത്രാപ്പോലീത്തായ്ക്ക് ഇടവക ജനങ്ങള്‍ ഭക്തിനിര്‍ഭരമായ സ്വീകരണമാണ് നല്‍കിയത്.

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18